കോഴിക്കോട്: സംസ്ഥാനത്തെ ഭൂരിഭാഗം ക്ഷേമനിധി ബോര്‍ഡുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കഴിയുന്നതിനിടെ ലോട്ടറിയടിച്ചത് ലോട്ടറി ഏജന്റുമാര്‍ക്കും വില്പനക്കാര്ക്കും. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 207 കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങളാണു സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കു വിതരണം ചെയ്തത്.
ഈ കാലയളവില്‍ 231 കോടിയോളം രൂപ സര്‍ക്കാരില്‍നിന്നു ഗ്രാന്റായി ക്ഷേമനിധി ബോര്‍ഡിനു ലഭിച്ചു. നിലവില്‍ പെന്ഷന്, ആനുകൂല്യ വിതരണത്തില്‍ യാതൊരു കുടിശികയുമില്ലെന്ന സവിശേഷതയും ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡിനുണ്ട്.
കാസര്‍ഗോഡ് സ്വദേശിയായ മുഹമ്മദ് അഷ്റഫ് വിവരാവകാശ നിയമം പ്രകാരം സമ്പാദിച്ച രേഖകളില്‍ പറയുന്നത് ഇങ്ങനെയാണ്; കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആകെ 2,07,76,21,610 രൂപയാണു വിവിധ ആനുകൂല്യങ്ങള്‍ക്കായി ബോര്‍ഡ് ചെലവഴിച്ചത്. 2,31,60,86,853 രൂപ സര്‍ക്കാരില്‍ നിന്ന് ഗ്രാന്റായി ബോര്‍ഡിനു ലഭിച്ചു.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ 41,58,05,690 രൂപയും 2022-23 ല്‍ 32,34,47,699 രൂപയും 2023-24 ല്‍ 36,11,91,971 രൂപയും 2024-25 ല്‍ 43,12,61,255 രൂപയും, 2025-26 ല്‍ 54,33,05,795 രൂപയുമടക്കം ആകെ 2,07,76,21,610 രൂപയാണ് ആനുകൂല്യങ്ങള്‍ക്കായി ആകെ ചെലവഴിച്ചത്. അംഗങ്ങളുടെ അംശാദായത്തിനും രജിസ്ട്രേഷന് ഫീസിനും പുറമേ സംസ്ഥാന സര്‍ക്കാരില്‍നിന്നു ലഭിക്കുന്ന ഗ്രാന്റാണു ബോര്‍ഡിന്റെ പ്രധാന വരുമാന മാര്‍ഗം.
സര്‍ക്കാരില്‍നിന്നുള്ള ഗ്രാന്റ്
2021-22: 46,81,00,400 രൂപ.
2022-23: 39,61,04,400 രൂപ.
2023-24: 32,15,66,000 രൂപ
2024-25: 45,26,38,400 രൂപ.
2025-26: 67,76,49,653 രൂപ.
ബാധ്യതകളില്ല
നിലവില്‍ ബോര്‍ഡിന് വായ്പാബാധ്യതയില്ല. വായ്പകള്‍ നല്‍കിയിട്ടുമില്ല. 27,198 സജീവ അംഗങ്ങളും 9,713 പെന്‍ഷന്‍കാരുമാണ് ക്ഷേമനിധി ബോര്‍ഡിലുള്ളത്. പ്രതിമാസം 2,000 രൂപ വീതമാണു ഗുണഭോക്താക്കള്‍ക്കു പെന്‍ഷനായി നല്‍കുന്നത്. 25 രൂപയാണ് അംഗത്വ രജിസ്ട്രേഷന് ഫീസ്.
പ്രതിമാസ അംശാദായം 50 രൂപ. പെന്ഷന്, കുടുംബപെന്ഷന്, അവശതാ പെന്ഷന് എന്നിവയ്ക്കു പുറമേ ചികിത്സാ സഹായം, പ്രസവാനുകൂല്യം, വിവാഹ ധനസഹായം, മരണാനന്തര സഹായം, ഓണം ഉത്സവബത്ത, മക്കള്‍ക്കുള്ള വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് തുടങ്ങിയ ധനസഹായങ്ങളും ബോര്‍ഡ് മുഖേന നല്‍കിവരുന്നുണ്ട്. ലഭിക്കുന്ന അപേക്ഷകള്‍ യഥാസമയം പരിശോധിച്ച് തുക വിതരണം ചെയ്യുന്നുണ്ടെന്നു ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.